കോവിഡ് പിടിപെട്ടവരാണോ? ആരോഗ്യ പ്രശ്നങ്ങളുണ്ടോ? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്
കോവിഡ് മഹാമാരി ലോകം മുഴുവന്‍ കീഴടക്കിയിരിക്കുകയാണ്. കോവിഡ് ബാധിച്ചവര്‍ക്ക് അറിയാം പിന്നീട് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍. ചിലര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിലും മറ്റു ചിലര്‍ക്ക് ദീര്‍ഘനാളത്തേക്ക് ഇതുമായി ബന്ധപ്പെട്ട് പല വിഷമതകളും ഉണ്ടാകുന്നുണ്ട്. കൊവിഡ് നമ്മുടെ നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിന്റെ ഭാഗമായി തളര്‍ച്ച, കൈകാല്‍ വേദന എന്നിവയെല്ലാം ഉണ്ടാകാം. ചിലര്‍ക്ക് കൊവിഡിന് ശേഷം വിഷാദരോഗവും പിടിപെടാം. കൊവിഡ് പ്രതിസന്ധികള്‍ തന്നെ പലരിലും വിഷാദരോഗം സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ കൊവിഡ് ബാധിക്കപ്പെട്ടവരിലാണെങ്കില്‍ മൂന്ന് മടങ്ങിലധികം സാധ്യതയാണ് വിഷാദരോഗത്തിനുള്ളതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
വിഷാദം മാത്രമല്ല ഉത്കണ്ഠയും കൊവിഡിന് ശേഷം പിടിപെടാമെന്നും ചിലരില്‍ ഇത് രണ്ടും കാണാമെന്നും 'യൂറോപ്യന് ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനി'ല്‍ വന്ന പഠനത്തില്‍ പറയുന്നു. കൊവിഡ് വന്നുപോയതിന് ശേഷം നിത്യജീവിതത്തിലെ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ നിരവധിയാണ്. 'ബ്രെയിന്‍ ഫോഗ്' എന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നത്.
കാര്യങ്ങളില്‍ അവ്യക്തത, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, പെരുമാറ്റ പ്രശ്നം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം ഇത്തരത്തില്‍ ഉണ്ടാകാം. ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുമ്പോള്‍ കൈകാലുകളില്‍ മരവിപ്പോ, കുത്തുന്ന വേദനയോ ഒക്കെ നമുക്ക് അനുഭവപ്പെടാറില്ലേ? ഇതുതന്നെ കൊവിഡിന് ശേഷം 'ലോംഗ് കൊവിഡ്'ന്റെ ഭാഗമായും ഉണ്ടാകാം. ഇത് നിത്യജീവിതത്തില്‍ പല കാര്യങ്ങളെയും മോശമായി ബാധിക്കാം.
ഹൃദയസംബന്ധമായ പ്രശ്നങ്ങളും കൊവിഡ് അനുബന്ധമായി വരാം. ഇത് അല്‍പം കൂടി ഗുരുതരമായ പാര്‍ശ്വഫലമായാണ് കണക്കാക്കപ്പെടുന്നത്. കൊവിഡിന് ശേഷം ഹൃദയാരോഗ്യം പല രീതിയിലും ബാധിക്കപ്പെടാമെന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ 'വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍' വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിന് ശേഷം ഹൃദയാഘാത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. രക്തം കട്ടം പിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു. ഇതും ഹൃദയാഘാതത്തിലേക്ക് തന്നെയാണ് ക്രമേണ രോഗിയെ നയിക്കുക.